- Wednesday, 9th April, 2025 8:13 PM
തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ (കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ക്ലര്‍ക്കുമായുണ്ടായ തര്‍ക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ സീല്‍ വെക്കാന്‍ ക്ലര്‍ക്ക് സമ്മതിച്ചില്ലെന്നും ക്ലര്‍ക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.