- Wednesday, 9th April, 2025 7:57 PM
അടൂർ ∙ എംസി റോഡിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്, ബൈക്കിൽ സഞ്ചരിച്ചിരുന്ന അയൽവാസികളായ 2 യുവാക്കൾ മരിച്ചു. മേലൂട് അമ്മകണ്ടകര വെള്ളച്ചാൽ അമൽ ഭവനിൽ പ്രസാദിന്റെയും സ്മിതയുടെയും മകൻ അമൽ പ്രസാദ് (19), അമ്മകണ്ടകര വെള്ളച്ചാൽ തൊഴുവിള കിഴക്കേതിൽ പൊടിയന്റെയും രാധയുടെയും മകൻ നിഷാന്ത് (23) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 12.15ന് എംസി റോഡിൽ മിത്രപുരം നാൽപ്പതിനായിരംപടി ഭാഗത്തുള്ള വളവിലായിരുന്നു അപകടം. മിത്രപുരം ഭാഗത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന ബൈക്കും തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ ആന്ധ്രയിൽനിന്നുള്ള ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയിൽ ബൈക്ക് പൂർണമായി തകർന്നു. അമലും നിഷാന്തും റോഡിൽ തെറിച്ചുവീണു. ഈ സമയം തിരുവനന്തപുരത്തേക്ക് പോകാനായി അതുവഴി വന്ന ചാണ്ടി ഉമ്മൻ എംഎൽഎ അപകടം കണ്ട് പൊലീസിൽ വിളിച്ചറിയിച്ച് ക്രമീകരണങ്ങൾ ചെയ്തു. കോട്ടയം ഭാഗത്തുനിന്നു വന്ന ആംബുലൻസിലും അടൂരിൽനിന്ന് എത്തിയ 108 ആംബുലൻസിലുമായി രണ്ടുപേരെയും ആശുപത്രിയിലേക്ക് അയച്ചശേഷമാണ് ചാണ്ടി ഉമ്മൻ യാത്ര തുടർന്നത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അടൂർ ചേന്നമ്പള്ളിയിലുള്ള സൂപ്പർമാർക്കറ്റ് ജീവനക്കാരാണ് മരിച്ച യുവാക്കൾ
അമൽ വ്യാഴാഴ്ച ജോലിക്കു പോയിരുന്നെങ്കിലും നിഷാന്തിന് അവധിയായിരുന്നു. അമൽ രാത്രി 10.30ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം നിഷാന്തിനെയും കൂട്ടി പെട്രോൾ അടിക്കാനായി മിത്രപുരത്തെത്തി എംസി റോഡിലൂടെ അരമനപ്പടിക്കു സമീപത്തുള്ള പമ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും സംസ്കാരം നടത്തി. 5 ദിവസം മുൻപാണ് അമൽ ബൈക്ക് വാങ്ങിയത്. ഒരാഴ്ച മുൻപായിരുന്നു നിഷാന്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം. അതുല്യയും അമൃതയുമാണ് അമലിന്റെ സഹോദരിമാർ. നിഷയാണ് നിഷാന്തിന്റെ സഹോദരി.